2018, ഒക്‌ടോബർ 10, ബുധനാഴ്‌ച

പറയാതെ ബാക്കിവെക്കുന്ന രഹസ്യങ്ങൾമാധ്യമം വാർഷികപതിപ്പിൽ പ്രസിദ്ധീകരിച്ച ജോണി മിറാൻഡ എഴുതിയ നനഞ്ഞ മണ്ണടരുകൾ എന്ന നോവലിനൊരു  ആസ്വാദക കുറിപ്പ്.            
Johnny Miranda
             എങ്കിലും, അവസാനമായി റോസി,മേബിളിനോട് ലോറൻസച്ചനെ കുറിച്ച് എന്ത് രഹസ്യമാകും പറയാതെ ബാക്കിവെച്ചിട്ടുണ്ടാവുക..!?
റോസി ഒരുതവണ ആ രഹസ്യം പറയാൻ ഒരുമ്പെടുമ്പോൾ മേബിൾ അത്ഭുതം കൂറുന്നുണ്ട്. നിനക്ക് മാത്രമെങ്ങനെയാണ് ഇതുപോലെ എപ്പോഴും രഹസ്യങ്ങൾ പറയാനുണ്ടാകുന്നത് റോസി...?
വേണമെന്നുവെച്ചാൽ എല്ലാ മനുഷ്യർക്കും രഹസ്യങ്ങളുണ്ടാകും മേബിളേ, കേട്ടറിയുന്നതോ അനുഭവിക്കുന്നതോ ആയ കാര്യങ്ങൾ ഏറെക്കാലം ചിപ്പിക്കുള്ളിലെ മുത്തുപോലെ കാത്തുസൂക്ഷിച്ചു വെക്കുമ്പോഴേ അതൊരു വിലപിടിപ്പുള്ള രഹസ്യമാകൂ....
ഈ ഉത്തരം റോസിയുടെ മാത്രമല്ല, വായനക്കാരുടെ ഹൃദയത്തിലേക്കും കൂടി മനോഹരമായി ആഴ്ന്നിറങ്ങി ഒരു ഇടം കണ്ടെത്തും. ഇവിടെ നിന്നങ്ങോട്ടു ജോണി മിറാൻഡ തന്റെ 'നനഞ്ഞ മണ്ണടരുകൾ' എന്ന നോവലിനെ രഹസ്യം എന്നൊരു ഉദ്വേഗത്തെ കൂടി മുൻ നിർത്തി എത്ര മനോഹരമായാണ് മുന്നോട്ടു കൊണ്ടുപോകുന്നത്. തന്റെ മരണകിടക്കയിൽ കിടന്ന് മേബിൾ , ലോറൻസച്ചനെ കുറിച്ച ഓര്മകളിലും പഴയ പ്രതാപകാലത്തെ കുറിച്ചുമൊക്കെ ഓർത്തെടുക്കുമ്പോഴും വീർപ്പുമുട്ടുമ്പോഴും നമ്മൾ വരികൾക്കിടയിൽ എഴുത്തുകാരൻ ആ രഹസ്യം ഒളിപ്പിച്ചു വെച്ചിട്ടുണ്ടോ എന്നറിയാൻ പരതും. കാരണം വെറുമൊരു ഉദ്വേഗത്തിന് അപ്പുറത്തേക്ക്  റോസി, തന്റെ ഭർത്താവ് പെദിരോച്ചക്ക് മേബിളിനോടുണ്ടായിരുന്ന തീവ്ര പ്രണയത്തെ കുറിച്ച രഹസ്യം രസകരമായി മേബിളിനോട് വിവരിക്കുന്നുണ്ട്. അയാളുടെ അവസാന യാത്രയെ ഒന്നുകൂടെ സമാധാനം ആക്കുന്നതും ആ പറച്ചിലാണ്. അതുകൊണ്ടു തന്നെ ലോറൻസച്ചനെ കുറിച്ച രഹസ്യം അത്രമേൽ മുറിപ്പെട്ടതായിരിക്കില്ലെന്ന് വായനക്കാർക്ക് ഉറപ്പിക്കാം. ആ രഹസ്യം വരികൾക്കിടയിൽ എഴുത്തുകാരൻ ഒളിപ്പിച്ചു വെച്ചിട്ടുണ്ടോ എന്നറിയില്ല. ഒരുപക്ഷേ പിടി തരാതെ വീണ്ടുമുള്ള വായനകൾക്കായി മറഞ്ഞു കിടപ്പുണ്ടാവാം.
           എല്ലാ കഥകളും അത് ഏറ്റവും നിസ്സാരമായിക്കോട്ടെ, നീചമായിക്കോട്ടെ അത് അവസാന നിമിഷത്തിലേക്ക് മാറ്റിവെക്കാതെ നന്നായിരിക്കുമ്പോഴേ പറയേണ്ടവരോട് പറഞ്ഞുവെച്ചേക്കണം റോസീ...എന്ന മേബിളിന്റെ ആത്മഗതത്തോടെയാണ് നോവൽ അവസാനിപ്പിക്കുന്നത്. മരിച്ചു പോയ സ്വന്തമായിരുന്നവരുടെ ഓർമകളിലേക്ക് കൂടി ആ വാചകം മനസിനെ കൊണ്ടുപോകുന്നുണ്ട്.
          എത്ര ലളിതമായി ഹൃദയത്തിൽ തറക്കുന്ന രൂപത്തിലാണ് ജോണി മിറാൻഡ മരണത്തെയും ജീവിതത്തെയും ഒറ്റ നൂലിൽ കോർത്തെടുക്കുന്നത്. മരണം പേടിപ്പെടുത്തുന്ന ഒന്നായി മാത്രമല്ല നീറ്റലുള്ള വേദനയായും മാറുന്നുണ്ട്, നോവലിലൂടെ സഞ്ചരിക്കുമ്പോൾ.
നനഞ്ഞ മണ്ണടരുകൾ മികച്ച വായനാനുഭവം തന്നെയാണ്. ഇഷ്ട്ടം

2018, ഒക്‌ടോബർ 9, ചൊവ്വാഴ്ച

കുഞ്ഞു പരീതിന്റെ നേർച്ച ഓർമ്മകൾ
              
image courtesy :google
     കുഞ്ഞു പരീത് ഉപ്പയുടെ കൈ പിടിച്ചു നേർച്ച പാടത്തു കൂടെ നടന്നു. കുഞ്ഞു പരീത്, വല്ലിമ്മയാണ് (ഉപ്പാന്റെ ഉമ്മ ) അവനു ആ പേര് നൽകിയത്. പേരിടലിനു പിന്നിൽ ഒരു കഥയുണ്ട്. വല്ലിമ്മയുടെ അടുത്തേക്ക് സ്ഥിരമായി വരുന്ന ചിലരുണ്ട്. ധർമത്തിനായി വരുന്നവരാണ്. എല്ലാവർക്കുമായി വല്ലിമ്മ എന്തെങ്കിലുമൊക്കെ കരുതിവെച്ചിട്ടുണ്ടാകും. വരുന്നവർ പല നാടുകളിൽ നിന്നാകും കൃത്യമായും ആഴ്ചക്കണക്ക് വെച്ചും മാസക്കണക്ക് വെച്ചും അവരങ്ങനെ വന്നു കൊണ്ടിരുന്നു. വരുന്നവരൊന്നും അത്ര പെട്ടെന്നൊന്നും പോവില്ല. അവരുടെയും നാട്ടിലെയും കഥകൾ മുഴുവൻ പറയും. അങ്ങനെ വന്ന ഒരാളുടെ നാവിൽ നിന്നും കിട്ടിയ പേരാണ് കുഞ്ഞു പരീത്. ഇപ്പോഴും പരീത് ആ പേരിനു പിന്നിലെ കഥ ആലോചിക്കാറുണ്ട്. പക്ഷെ വല്ലിമ്മ അതാരോടും പറഞ്ഞിരുന്നില്ല. മരിക്കുന്നതിന് മുന്നേ വല്ലിമ്മ പറഞ്ഞു വെച്ച ഒരു വസിയ്യത്ത് ആയിരുന്നു ആ പേരിടൽ.
              നേർച്ച പാടത്തെ നിറങ്ങളും ആകാശത്തെ വർണ വിസ്മയങ്ങളും അവന്റെ കണ്ണുകളിൽ തിളക്കം കൂട്ടികൊണ്ടിരുന്നു. രാവേറെ ചെന്നിട്ടും ഇനിയും ജാറത്തിലേക്ക് (മഖ്‌ബറ) വിവിധ ദേശങ്ങളിൽ നിന്ന് എത്താനുള്ള വരവുകൾക്കായി റോഡിനിരുവശവും ആളുകൾ കാത്തു നിന്നു. ഓരോ വലിയ ബിൽഡിങ്ങുകൾക്ക് മുകളിലും സ്ത്രീകൾ നിറഞ്ഞു. പലരുടെയും മടിയിൽ കുഞ്ഞുങ്ങൾ കിടന്നുറങ്ങുന്നുണ്ട്. അടുത്തൊരു വരവ് വരുന്നത് വരെയുള്ള കൊച്ചുറക്കങ്ങൾ. രാവേറെ ചെന്നുള്ള വർണ വിസ്മയങ്ങൾക്കായുള്ള കാത്തിരിപ്പിലാണ് അവർ ഓരോരുത്തരും. ഓരോ വരവുകൾക്കും ഇടയിലുള്ള സമയങ്ങൾ നട്ടുവർത്തമാനങ്ങളാൽ സമ്പുഷ്ടമാണ്. ആ നാട്ടിലെ മരിച്ചവരും അല്ലാത്തവരുമായ മുഴുവൻ മനുഷ്യരും അവിടെ കഥാപാത്രങ്ങളായി എത്തും.  കുഞ്ഞു പരീത് ഉപ്പാന്റെ ഒക്കത്ത് കയറി ഇരിപ്പുറപ്പിച്ചു. ആളുകൾ കൂടുകയാണ്. ദൂരെ നിന്നും വലിയൊരു പെട്ടിവരവ് വരുന്നതിന്റെ അലയൊലികൾ കേൾക്കുന്നുണ്ട്. വലിയ ശബ്ദത്തോടെ കരിമരുന്നുകൾ ആകാശത്തു നക്ഷത്രങ്ങൾ തീർക്കുകയാണ്. ഉറങ്ങി കിടന്ന കുരുന്നുകൾ ഓരോന്നായി കണ്ണ് തുറന്നു. ഇനിയും എണീക്കാത്ത ചിലരെ ഉമ്മമാർ കാഴ്ച്ചകൾ കാണാൻ വിളിച്ചുണർത്തി. അല്ലെങ്കിൽ പിറ്റേ ദിവസം മുഴുവൻ പരിഭവം പറച്ചിൽ ആയിരിക്കും. "നാലാനകൾ" ഉണ്ടെന്നാണ് കേട്ടത്" ആളുകൾ സംസാരിക്കുന്നത് കുഞ്ഞു പരീതിന്റെ കാതിലുമെത്തി. ശരിയായിരുന്നു. ലക്ഷണമൊത്ത നാല് കൊമ്പന്മാർ മുന്നിൽ അണി നിരന്നിരിക്കുന്നു. ഓരോ ആനകൾക്ക് മുകളിലും മൂന്നും നാലും ചെറുപ്പക്കാർ ചേർന്നിരിക്കുന്നുണ്ട്. അന്ന് മുതലാണ് കുഞ്ഞു പരീതിന് ആനപ്പുറത്ത് കയറാനുള്ള ആഗ്രഹം കലശലാകുന്നത്. വരവിന്റെ ഏറ്റവും മുന്നിൽ കാരണവന്മാരുടെ ഒരു സംഘം അവരാണ് വരവിനെ നയിക്കുന്നത്. അവർക്കു പിന്നിൽ വാർത്ത്യക്കാരുടെ( ബാൻഡ് മേളം) സംഘം പുതിയ സിനിമാ പാട്ടുകളുടെ താളത്തിൽ വായിക്കുന്നുണ്ട്. നേർച്ച തുടങ്ങുന്നതിനു രണ്ടു ദിവസം മുന്നേ തന്നെ ഇവർ സ്ഥലത്തെ വീടുകളിൽ ഒക്കെ പൈസ പിരിക്കാൻ എത്താറുണ്ട്. കുട്ടികൾക്ക് അതാവേശമാണ്. ഇവർ താളം പിടിക്കുന്നത് കുഞ്ഞു പരീത് അത്ഭുതത്തോടെ നോക്കി നിന്നിട്ടുണ്ട്. ഒരിക്കൽ വീട്ടിൽ നിന്നിറങ്ങി ആരും കാണാതെ ഇവരുടെ കൂടെ കുറേ വീടുകളിൽ പോയി. ഉപ്പയും വീട്ടുകാരുമൊക്കെ ആകെ പേടിച്ചു നാട്ടിലൊക്കെ അറിഞ്ഞു. ബാൻഡ് മേളത്തിന്റെ കൂടെ പോകുന്നത് ആരോ കണ്ടിരുന്നു. അങ്ങനെ ആ ശബ്ദം നോക്കിയാണ് കണ്ടു പിടിച്ചത്. ഒക്കത്തിരുന്നിട്ട് ഒന്നും കാണാൻ പറ്റുന്നില്ല. കുഞ്ഞു പരീത് ഇരുത്തം ഉപ്പാന്റെ തോളിലേക്ക് മാറ്റി. വാർത്യക്കാരുടെ പിന്നിൽ പന്തം കൊണ്ട് മിന്നുന്ന ഒരു സംഘമാണ്. അവർ ദേഹത്തൊക്കെ തീ തട്ടിക്കുന്നതും വായിൽ മണ്ണെണ്ണയാണെന്ന് തോന്നുന്നു, ഒഴിച്ച് തീ ആളിക്കത്തിക്കുന്നതും കണ്ടപ്പോൾ അവനു പേടി തോന്നി. ഉപ്പാനെ ഒന്നുടെ ഇറുക്കി പിടിച്ചു. പിന്നെ ബാക്കിൽ ശിങ്കാരി മേളം , അതിനു പിറകിൽ ദഫ് മുട്ട് .. ഏറ്റവും പിറകിലായി ആ നാട്ടിലെ ചെറുപ്പക്കാരുടെ ഒരു സംഘത്തിൻെറ ആഘോഷങ്ങളും. അങ്ങനെ ഗംഭീര വരവായിരുന്നു. വരവ് പോയിക്കഴിഞ്ഞപ്പോൾ ആളുകൾ കുറഞ്ഞു. വീണ്ടു അടുത്തതിനായുള്ള കാത്തിരിപ്പ്. അതങ്ങനെ പുലർച്ചെ വരെ നീളും.  കുഞ്ഞു പരീതിന്റെ നോട്ടം താഴെ റോഡിരികിൽ ഇരിക്കുന്ന കളർ മിട്ടായികളിലേക്കെത്തി. ഉപ്പാനെ ഒന്ന് രണ്ടു പാക്കറ്റ് വാങ്ങിപ്പിച്ചു. നേർച്ചക്കു മാത്രമേ അവൻ അങ്ങനത്തെ മിട്ടായികൾ കണ്ടിട്ടുള്ളു. അതുകൊണ്ടു ലിപ്സ്റ്റിക്ക് ഒക്കെ ഇടുന്നതു പോലെ ചുണ്ടൊക്കെ ചുവപ്പിച്ചു നടക്കും. നല്ല രസമാണ്. ഉപ്പാന്റെ കൈ പിടിച്ചു അവൻ വീട്ടിലേക്കു നടന്നു. രാവേറെ ചെന്നിരുന്നു. കൈയിൽ മധുര പലഹാരങ്ങളും കളി സാധനങ്ങളും ഉണ്ട്. അനിയത്തി കുട്ടി പ്രത്യേകം പറഞ്ഞേൽപ്പിച്ച കരിവള ഒരു കൈയിൽ ഭദ്രമായി പിടിച്ചിട്ടുണ്ട്...നേർച്ച പാടം ആ രാത്രിയെ കൂടുതൽ വർണാഭമാക്കുന്നുണ്ടായിരുന്നു. കാലം ഒരുപാട് ദൂരം സഞ്ചരിച്ചു. കുഞ്ഞു പരീതും. ആഗ്രഹങ്ങളും ആശകളും വലുതായി. വിജയങ്ങളും പരാജയങ്ങളും ഉണ്ടായി.
വീണ്ടുമൊരിക്കൽ കൂടി ബാല്യത്തിലേക്ക് ചെന്നെത്തണമെന്ന മനസ്സുമായി പരീത് ആൾക്കൂട്ടത്തിനിടയിലൂടെ ഒരിക്കൽ കൂടി നടന്നു. തന്റെ ഇളയമകനെ ചേർത്ത് പിടിച്ചു കൊണ്ട്. എത്രയോ വരവുകൾ അയാളെ കടന്നു പോയിക്കൊണ്ടിരുന്നു. അതൊന്നും തന്നെ അയാളെ അത്ഭുതപ്പെടുത്തിയതേയില്ല. പരീത് തന്റെ ബാല്യത്തെ ഓർത്തെടുക്കാൻ ശ്രമിക്കുകയായിരുന്നു.
                     

മായ്ച്ചു കളയാനാകാത്ത അധ്യായം
KISS ME...
KISS ME... പതിഞ്ഞ ശബ്ദത്തിൽ തുടങ്ങി ഇടിമുഴക്കം കണക്കെ ആ വാക്കുകൾ ചെവിയിൽ വന്നു പതിച്ച് കൊണ്ടിരിക്കുകയാണ്...ഉള്ളിൽ ഭയം നിറയുന്നു.
ഞെട്ടിയെണീറ്റപ്പോൾ കാണുന്നത് മുന്നിലെ മേശയിൽ ഉള്ള ഒരു ഗ്ലാസ് ക്യൂബ് തന്നെ  തന്നെ നോക്കുന്നതാണ്. ജനലിലൂടെ ഉള്ളിലേക്കെത്തുന്ന നിലാവിൽ ആ സമ്മാനത്തിനുള്ളിൽ എഴുതിയ വാചകങ്ങൾ തന്നെ നോക്കി പുഞ്ചിരിക്കുകയാണോ...കണ്ണുകൾ അടക്കാൻ കഴിയുന്നില്ല....                                  രാത്രി പുലരാൻ ഇനിയും ഏറെ വൈകുമെന്ന പോലെ തോന്നൽ...
അവൾ മരിച്ചിട്ട് രണ്ടു വർഷങ്ങൾ കടന്നുപോയിരിക്കുന്നു. എത്ര പെട്ടെന്നാണത്...പക്ഷെ ഇത്രയും കാലത്തിനിടക്ക്, അവളുടെ ഓർമ്മകൾ ഇത്രമാത്രം വേട്ടയാടിയിട്ടില്ല. രണ്ട് ദിവസമായിട്ട് ഇങ്ങനെയാണ്...അറിയില്ല
ഖബറിനുള്ളിൽ ദൈവത്തിന്റെ മാലാഖമാർ അവളോട് എന്നെ പറ്റി ചോദിക്കുന്നുണ്ടാവുമോ...? അതോ ജീവിതത്തിലെ സംഭവിച്ചു പോയ തെറ്റുകളെ കുറിച്ച ചോദ്യങ്ങൾക്ക് മുന്നിൽ അവൾ പതറുന്നുണ്ടാവുമോ...? ഇല്ല...ഇല്ല. അങ്ങനെ ഒന്നുണ്ടാവില്ല. നീ പ്രാർത്ഥിക്കുന്നവൾ ആയിരുന്നില്ലേ..എത്രയോ നേരങ്ങളിൽ.... സ്നേഹത്തിന് പകരം നൽകിയ കണ്ണീരുകളിൽ നിന്ന് നീ അഭയം തേടിയത് പ്രാർത്ഥനകളിൽ മാത്രമായിരുന്നില്ലേ...
പതറേണ്ടത് ഞാനല്ലേ..അതെ ഞാനാണ് തിരിച്ചറിയാതെ പോയത്. നിന്റെ ആത്മാർത്ഥമായ പ്രണയത്തെ തിരസ്ക്കരിച്ചതും ഞാനാണ്.
കണ്ണാടിയിൽ തെളിയുന്നത് മുഖമല്ല, ഉള്ളിലെ കറുപ്പാണ്. നിലാവ് അതിലേക്ക് വെളിച്ചം വീശുന്നുണ്ട്. ആ കറുപ്പുകൾ എന്നെ നോക്കി ചിരിക്കുകയാണ്. കീഴ്പ്പെടില്ലെന്ന ധാർഷ്ട്ട്യത്തോടെ....ഇനിയെത്ര രാത്രികളിൽ തലയിണക്കുള്ളിൽ അഭയം നേടാൻ കഴിയും...
മാലാഖമാർ അവളെ വേദനിപ്പിക്കില്ല...എന്നെക്കാൾ ദൈവത്തിനല്ലേ അവളെ അറിയുക..സ്വന്തം സൃഷ്ടികളെ കുറിച്ച് ഉടമസ്ഥനല്ലാതെ വേറെ ആർക്കാണ് അറിയാൻ കഴിയുക...ഓർമ്മകൾ കടിഞ്ഞാണില്ലാതെ ചിതറിത്തെറിക്കുകയാണ്. നേരം പുലർന്നിരുന്നെകിൽ.                                                                                               

അവസാന കാഴ്ചയിൽ തിരിഞ്ഞു നടക്കുമ്പോൾ അവൾ കരഞ്ഞിരുന്നു...ദൈവം എന്നെയാണ് മുറിവേൽപ്പിക്കുന്നത്. അവളെ കുറിച്ച ഓർമകളിലൂടെ..അല്ലെങ്കിൽ പിന്നെ എന്തിനാണ് ഒരു രോഗത്തിന്റെ പേരിൽ സന്തോഷങ്ങൾ അറിഞ്ഞു തുടങ്ങിയ ഒരുവളെ തിരിച്ചു വിളിച്ചത്. എന്നിൽ തോന്നിയ കുറ്റബോധത്തെ ആളിക്കത്തിക്കുകയായിരുന്നില്ലേ...അവളുടെ പുസ്തകത്തിലെ ഞാനെന്ന അധ്യായത്തെ മായ്ച്ചു കളഞ്ഞൂടേ...അല്ലെങ്കിൽ ഒരുപക്ഷെ ഞാൻ എന്റെ മരണത്തെ തിരഞ്ഞെടുത്തു എന്ന് നാട്ടുകാർ ഒരു പിടി മണ്ണ് ഇടുമ്പോൾ എന്നെ കുറിച്ച് പറയും......
കബറിന് മുന്നിൽ ഇങ്ങനെ നിൽക്കാൻ തുടങ്ങിയിട്ട് എത്ര നേരമായെന്ന് അറിയില്ല......പള്ളിയിലെ ഉസ്താദ് പുറത്ത് തട്ടിവിളിച്ചപ്പോഴാണ് അറിയുന്നത്.
ഉസ്താദിന് സലാം പറഞ്ഞു അവിടെ നിന്നും തിരിഞ്ഞു നടന്നു.                          എന്റെ മനസ്സിനെ സ്വസ്ഥമാക്കാൻ...ഓർമകളുടെ വേട്ടയാടലിൽ നിന്ന് രക്ഷപ്പെടാൻ മാത്രമായിരുന്നില്ലേ ഈ സന്ദർശനം...?! അല്ല നിനക്കും കൂടി വേണ്ടിയായിരുന്നു... ഓർമകൾ വീണ്ടും ചിതറിത്തെറിക്കുകയാണ്. എഴുതപ്പെട്ട അധ്യായങ്ങൾ മായ്ച്ചു കളയാൻ സാധ്യമാകില്ലായിരിക്കാം. അതെ ഞാനും മണ്ണിലേക്ക് തന്നെയാണ്. ഖബറിനടുത്ത് നിന്നുള്ള ആ നടത്തത്തിന് ദൈർഘ്യം കൂടുന്നതായി അവന് അനുഭവപ്പെട്ടു.

2016, ഫെബ്രുവരി 14, ഞായറാഴ്‌ച

പ്രണയം

എനിക്ക് പ്രണയിക്കണം.
അവൾക്കെന്റെ സ്നേഹ ചുംബനങ്ങൾ, കാമ ചുംബനങ്ങളല്ല, നൽകണം.
ഒരാളുടെ മാത്രം ആധിപത്യമാണ് കാമം.
ആധിപത്യങ്ങൾക്കെതിരെയുള്ള കലഹമാകണം പ്രണയം.
എനിക്കുമേലെ, നമുക്കുമേലെ  ആധിപത്യം തീർക്കാൻ നിങ്ങൾക്കെന്തവകാശം..?
നിന്റെ കണ്ണുകളിലെ തീക്ഷ്ണത അനുഭവിക്കണം. നോട്ടങ്ങളെക്കാൾ തീക്ഷ്ണമായ മറ്റെന്തുണ്ട്..?ഉള്ളിലെ വേവുകൾ കനപ്പെടുത്തിയ എത്രയെത്ര നോട്ടങ്ങൾ നീ എന്നിലേക്ക് എയ്തു. അതു തന്നെയായിരുന്നു. എന്നെ നിന്നിലേക്ക് അടുപ്പിച്ചതും..
ഒരിക്കലും ഞാൻ കരുതിയില്ല ഇത്രമാത്രം കനൽ ഉള്ളിൽ നിറച്ചാണ് നീ നടക്കുന്നതെന്ന്. കടലിലേക്ക് ഊളിയിടുന്ന സൂര്യനെ നോക്കി, ഒരിക്കൽ പോലും എന്നെ നോക്കിയില്ല, നീ എനിക്കു മുന്നിൽ പുസ്തകം തുറന്നപ്പോൾ...അതുവരെ എന്റെ കാതിൽ എത്തിയിരുന്ന ശബ്ദങ്ങളെല്ലാം എന്നിൽ നിന്ന് അകന്നു നിന്നു. നിശബ്ദത തീർത്ത വലയത്തിൽ നീ എല്ലാം പറഞ്ഞു തീർത്തപ്പോൾ......വലിയ കാര്യം പോലെ ഞാൻ കൊണ്ടുനടന്നിരുന്ന എന്റെ അനുഭവങ്ങളൊക്കെയും ഒന്നുമല്ലാതായിത്തീർന്നു...ഒരു ചെറുകാറ്റിന്റെ തലോടലിൽ എൻ അരികിൽ നിന്ന് നീ നടന്നകന്നപ്പോൾ...കണ്ണുകൾ കടലിന്റെ ദൂരങ്ങളിലേക്ക് അയച്ച് ഞാൻ ഇരുന്നു. ആ വൈകുന്നേരം നമുക്കിടയിൽ പിന്നീടൊന്നും സംസാരിക്കാൻ ഉണ്ടായിരുന്നില്ല. നിന്നോടുള്ള പ്രണയത്തിനു കനം വെക്കുക യായിരുന്നു. കാമത്തിന്റെ ലോകത്ത് നമുക്ക് പ്രണയത്തിന്റെ ഇലയനക്കങ്ങൾ തീർക്കാം.....

2015, ജൂലൈ 29, ബുധനാഴ്‌ച

മഴ

ഓരോ മഴയും മണ്ണിൽ മാത്രമല്ല
മനസ്സിലും കൂടിയാണ് പെയ്യുന്നത്.
മണ്ണിലേതിനേക്കാൾ നനവത്
മനസ്സിൽ പടർത്തുന്നു.

ജനൽച്ചില്ലിൽ വീണു ചിതറുന്ന
ഓരോ മഴത്തുള്ളിയും,
ചെവിയിലെത്തുന്നത്
അവളുടെ കൊലുസിൻ നാദമായാണ്.

സന്തോഷം പകർന്നെത്തിയ മഴ,
ഒടുവിലോർമകൾ ചേർന്ന്
സങ്കടപ്പെരുമഴയായി മാറുന്നു.
കാഴ്ച്ചകൾക്ക് തുടർച്ച
നഷ്ടപ്പെടുമ്പോൾ
ഓർമ്മകൾ മരിക്കുന്നു.

2015, ഫെബ്രുവരി 18, ബുധനാഴ്‌ച

ആ യാത്രയിൽ...   ഓരോ യാത്രകളും ഓരോ സ്വഭാവത്തിലാണ്. ചിലത് സന്തോഷത്തിന്റെയാണെങ്കിൽ ചിലപ്പോൾ സങ്കടത്തിന്റെ ഓർമകളായിരിക്കും.
 എറണാകുളത്ത് ഒരു സുഹൃത്തിന്റെ അടുത്ത് പോയി മടങ്ങുകയാണ്. ആള് കുറവായതുകൊണ്ട് സീറ്റ് കിട്ടി. വായിക്കാൻ വേണ്ടി കരുതിയ പുസ്തകം എടുക്കാൻ തോന്നിയില്ല. കുറച്ചു നാളായി അതങ്ങനെ കൊണ്ടുനടക്കുന്നു. സുഹൃത്തിന്റെ സജഷനാണ്. ഇതുവരെ തുടങ്ങിയിട്ടില്ല. ഒരു പക്ഷെ  തുടങ്ങാനുള്ള സമയം ആയിട്ടുണ്ടാവില്ല. ആലോചനകളങ്ങനെ കയറു പൊട്ടിക്കാൻ തുടങ്ങിയപ്പോഴാണ് ഒരു വിളി കേട്ടത്. അരുണ്‍, അരുണ്‍ ഗോപിനാഥ്, ഡൽഹിയിൽ പി.ജിക്ക് ഒരുമിച്ചായിരുന്നു. എന്തോ കൂടെ ഇരിക്കരുതേയെന്ന് മനസ്സുകൊണ്ട് ആഗ്രഹിച്ചു. ആ യാത്രയിൽ ഒറ്റക്കിരിക്കാൻ മനസ്സ് പാകപ്പെട്ടതുകൊണ്ടാകാം. കൂടെ ആരെങ്കിലും  ഉണ്ടായിരുന്നെങ്കിലെന്ന്  ആഗ്രഹിക്കുമ്പോൾ ആരുമുണ്ടാവില്ല. പലപ്പോഴും ബന്ധങ്ങളിൽ നമ്മുടെ ആവശ്യങ്ങൾക്കാണല്ലോ മുൻഗണന കൊടുക്കാറുള്ളത്. അവന്റെ കൂടെ വേറെ ആരോ ഉണ്ടായിരുന്നു. കുറച്ചു നേരം വിശേഷം പറഞ്ഞ് അവൻ അവരുടെ  അടുത്തേക്ക് പോയി.എന്റെ തൊട്ടടുത്ത് പ്രായമുള്ള ഒരു സ്ത്രീയാണ്. അവരങ്ങനെ പുറത്തേക്കും നോക്കി ഒരേ ഇരിപ്പാണ്. എന്തോ വലിയൊരു ദുഃഖം മനസ്സിൽ ഉള്ളത് പോലെ. ബർത്തിൽ നാല് കോളേജ് പിള്ളേർ ഇരിപ്പുണ്ട്. അതിൽ ഒരുവൾ കൂട്ടുകാരനോട് സംസാരിക്കുമ്പോൾ കണ്ണുകളിലേക്ക് മാത്രമാണ് നോക്കുന്നത്. ഒരാളുടെ  കണ്ണുകളിൽ നോക്കി സംസാരിക്കുക എന്നത് വളരെ പ്രയാസമുള്ള ഒരു കാര്യമാണ്. കൂട്ടുകാരായാൽ പോലും .എനിക്കതിനു കഴിയാറില്ല. അതുകൊണ്ട് തന്നെ അവളെ പരിചയപ്പെടാൻ  ഒരാഗ്രഹം തോന്നി.              
ഞാൻ അവളെ തന്നെ നോക്കിയിരുന്നു. ഇടക്ക് രണ്ടാളുടേം നോട്ടം തമ്മിൽ ഇടഞ്ഞു. അവൾ ഇങ്ങോട്ടും  നോക്കാൻ തുടങ്ങി. വണ്ടി  ഓരോ സ്റ്റോപ്പും   പിന്നിട്ടു കൊണ്ടിരുന്നു.... ഷൊർണൂരിൽ പച്ച കാത്തു കിടക്കുകയാണ്. പെട്ടെന്നാണ് അതുവരെ മിണ്ടാതെ കിടന്നിരുന്ന ഫോണ്‍ റിംഗ് ചെയ്തത്. അതവളായിരുന്നു. ഒന്നിച്ചു പഠിച്ചതാണ്. ഒന്നിക്കാൻ കഴിയില്ലെന്ന് തോന്നിയപ്പോൾ പിരിഞ്ഞു . ഇടയ്ക്കു അവൾ വിളിക്കും ആ നിമിഷം കാൾ എടുക്കണമെന്ന് തോന്നി. അവൾ പറഞ്ഞത് കേട്ട്  ഞെട്ടിപ്പോയി. അശ്വതി ആത്മഹത്യ ചെയ്തു. മൂന്നു വർഷം ഒരേ ക്ലാസ്സിൽ  ആയിരുന്നു. മനസ്സാകെ അസ്വസ്ഥമായി.  എന്തിനു അവൾ ?. ഉത്തരം കിട്ടാൻ കൂടെ പഠിച്ച പലരെയും വിളിച്ചു. അവർക്കാർക്കും അറിയില്ല. പലരും കരയുകയാണ്. നാട്ടിൽ വണ്ടി ഇറങ്ങി നടക്കുമ്പോൾ അവളുടെ മുഖം മനസ്സിൽ നിറഞ്ഞു നിന്നു...ഒരുപാട്  ചോദ്യങ്ങൾ.....നിന്നെ സ്നേഹിച്ചവരെയെല്ലാം മറക്കാൻ നിനക്കെങ്ങനെ  കഴിഞ്ഞു കുട്ടി?  പ്രശ്നങ്ങൾ ഉണ്ടായിരുന്നെങ്കിൽ  അടുത്ത കൂട്ടുകാരോടെങ്കിലും പറയാമായിരുന്നു...ദുഖങ്ങളും പ്രശ്നങ്ങളും  ഇല്ലത്തവരായി    ആരുണ്ട്‌ ..?   ദുർബല നിമിഷങ്ങളിൽ സ്വയം വരിച്ച മരണത്തിന്റെ വേദന  നീ എങ്ങനെ സഹിച്ചു..? മനസ്സ് കൂടുതൽ അസ്വസ്ഥമായിക്കൊണ്ടിരുന്നു .  മറക്കാനാവാത്ത  ഒരു യാത്രയായി അത് മാറി. മരണത്തിന്റെ പേരിൽ ഓർമയിൽ വരുന്ന ഒരു യാത്ര.

പറയാതെ ബാക്കിവെക്കുന്ന രഹസ്യങ്ങൾ

മാധ്യമം വാർഷികപതിപ്പിൽ പ്രസിദ്ധീകരിച്ച ജോണി മിറാൻഡ എഴുതിയ നനഞ്ഞ മണ്ണടരുകൾ എന്ന നോവലിനൊരു  ആസ്വാദക കുറിപ്പ്.              Johnny Mi...